‼️*സംസ്ഥാനത്ത് പോളിടെക്നിക് ഡിപ്ലോമ പ്രവേശനം ജൂൺ 6 മുതൽ; ഓൺലൈനായി അപേക്ഷിക്കാം*
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ (2026-27) പോളിടെക്നിക് ഡിപ്ലോമ റെഗുലർ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ജൂൺ ആറാം തീയതി മുതൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് www.polyadmission.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി ആദ്യം വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് ലഭിക്കുന്ന യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുകയും വ്യക്തിഗത വിവരങ്ങളും കോഴ്സ്/കോളേജ് ഓപ്ഷനുകളും സമർപ്പിക്കുകയും ചെയ്യാം. എസ്.എസ്.എൽ.സി മാർക്കിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയ്യാറാക്കുന്നത്.
അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ:
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/മാർക്ക്‌ലിസ്റ്റ്
ആധാർ കാർഡ് നമ്പർ
നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും (മൊബൈൽ നമ്പർ പിന്നീട് മാറ്റാൻ സാധിക്കില്ല)
നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ കേരളത്തിൽ ജനിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ മാത്രം)
കമ്മ്യൂണിറ്റി/കാസ്റ്റ് സർട്ടിഫിക്കറ്റ് (സംവരണ വിഭാഗങ്ങൾക്ക്)
നോൺ-ക്രിമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യത്തിന്)
ഇൻകം സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർക്ക്)
ഇ.ഡബ്ല്യു.എസ് (EWS) സർട്ടിഫിക്കറ്റ് (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്)
പ്രത്യേക സംവരണങ്ങൾ അർഹതയുള്ളവർ അതിനുള്ള സർട്ടിഫിക്കറ്റുകൾ (സ്പോർട്സ് കോട്ട, ജവാന്മാരുടെ മക്കൾ തുടങ്ങിയവ)
അലോട്ട്മെന്റ് പ്രക്രിയ:
അപേക്ഷകൾ സമർപ്പിച്ച ശേഷം വിദ്യാർഥികളുടെ ഇൻഡെക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റ് ഘട്ടത്തിൽ വിദ്യാർഥികൾക്ക് തങ്ങളുടെ ഓപ്ഷനുകളിൽ മാറ്റം വരുത്താനും കൂടുതൽ ഓപ്ഷനുകൾ നൽകാനും സൗകര്യമുണ്ടാകും. ഇതിന് ശേഷം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
ആദ്യ അലോട്ട്മെന്റിൽ തങ്ങൾക്ക് താല്പര്യമുള്ള കോളേജാണ് ലഭിക്കുന്നതെങ്കിൽ ഫീസും അസ്സൽ സർട്ടിഫിക്കറ്റുകളും നൽകി പെർമനന്റ് അഡ്മിഷൻ നേടാം. താല്പര്യമില്ലാത്ത ഓപ്ഷനാണ് ലഭിക്കുന്നതെങ്കിൽ ഹയർ ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട് താല്ക്കാലികമായി (Temporary) റിപ്പോർട്ട് ചെയ്യാം. തുടർന്ന് രണ്ടാം അലോട്ട്മെന്റും, പിന്നീട് നോഡൽ പോളിടെക്നിക്കുകൾ കേന്ദ്രീകരിച്ച് കൗൺസിലിംഗും സ്പോട്ട് അലോട്ട്മെന്റുകളും നടക്കും.
വിവിധ പോളിടെക്നിക് കോളേജുകളുടെയും അവിടെ ലഭ്യമായ കോഴ്സുകളുടെയും സീറ്റുകളുടെയും വിവരങ്ങൾ വെബ്സൈറ്റിലെ ‘Annexure and Certificates’ എന്ന ലിങ്ക് വഴി വിദ്യാർഥികൾക്ക് പരിശോധിക്കാവുന്നതാണ്. ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ ഫീസ് കുറവായിരിക്കുമെന്നും സ്വാശ്രയ (Self Financing), ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് കോളേജുകളിൽ ഫീസ് വ്യത്യാസമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Welcome to popups plugin
‼️*സംസ്ഥാനത്ത് പോളിടെക്നിക് ഡിപ്ലോമ പ്രവേശനം ജൂൺ 6 മുതൽ; ഓൺലൈനായി അപേക്ഷിക്കാം*